ഷൊര്‍ണൂര്‍: ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ യാത്രക്കാരി ടിടിഇയെ മര്‍ദിച്ചതായി പരാതി. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ഇന്നലെ രാത്രി ഏഴോടെ ഫറോക്കില്‍ വെച്ചാണ് സംഭവം. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് (38) മര്‍ദനമേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരേ ടിടിഇ പോലിസില്‍ പരാതി നല്‍കി.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഫറോക്കില്‍നിന്ന് കുറ്റിപ്പുറത്തേക്ക് ജനറല്‍ ടിക്കറ്റെടുത്ത യുവതി റിസർവേഷൻ കോച്ചിലായിരുന്നു കയറിയത്. ഫറൂഖ് സ്റ്റേഷന്‍ പിന്നിട്ടതും പരിശോധനക്കെത്തിയ ടിടിഇ, ജനറല്‍ ടിക്കറ്റ് ആയതിനാല്‍ റിസര്‍വ്ഡ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങി വനിതാ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാൽ തര്‍ക്കത്തിനു പിന്നാലെ യുവതി മര്‍ദിക്കുകയായിരുന്നു.
ജോലി തടസ്സപ്പെടുത്തിയെന്നും ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ടിടിഇ ഷൊര്‍ണൂര്‍ റെയില്‍വേ പോലിസില്‍ പരാതി നല്‍കി. ടിക്കറ്റ് പരിശോധകന്‍ തന്നെ അസഭ്യം വിളിച്ചെന്നും മര്‍ദിച്ചെന്നും കാണിച്ച് ശ്രുതിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തു. ടിടിഇയും യുവതിയും ആശുപത്രിയില്‍ ചികിത്സ തേടി. ടിടിഇയുടെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.
