വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടറെയും സിപിഒയെയും ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടറെയും സിപിഒയെയും ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ബി.എസ്.എഫ് മുൻ ജവാനായ പള്ളിക്കൽ സ്വദേശി വിനോദ് എസ്. പിള്ള (47), സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായ കിളിമാനൂർ സ്വദേശി സുരേഷ് ബാബു (39) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്

ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെ പള്ളിക്കൽ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. ഊന്നൻകല്ല് ഭാഗത്ത് അമിതവേഗതയിലും അപകടകരമായ രീതിയിലും വന്ന കാർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് പോയി. തുടർന്ന് കുറച്ചുദൂരത്തിന് ശേഷം ഇന്ധനം തീർന്ന് കാർ നിൽക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസിനോട് പ്രതികൾ അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനിടെ ഇൻസ്‌പെക്ടറെ പിടിച്ചുതള്ളുകയും കാറിന്റെ താക്കോൽ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.