*നെടുമങ്ങാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യ വീട്ടുകാർ ഫോൺ മൊബൈല്‍ വാങ്ങിവെച്ചതിനെ ചൊല്ലിയെന്ന് പ്രാഥമിക വിവരം.*

 പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആനാട് ഗവണ്‍മെന്റ് എസ്എന്‍വി എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് (16)യെയാണ് ബെഡ്‌റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

മുറിയില്‍ കയറി വാതില്‍ അടച്ച അക്ഷയ ഏറെ നേരും കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴായിരുന്നു ബെഡ്‌റൂമില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടത്. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിവച്ചു എന്നതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

മാതാപിതാക്കളുടെ മൊഴിയെടുത്താല്‍ മാത്രമേ മറ്റുകാര്യങ്ങള്‍ പറയാന്‍ കഴിയുള്ളൂ എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ഇതേ സമയം സംസ്ഥാനത്ത് 10-25 പ്രായപരിധിയിലുള്ള ചെറുപ്പക്കാരുടെ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധനയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഓരോ മാസവും ശരാശരി 14 പേർ സംസ്ഥാനത്ത് ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒപ്പം ശരാശരി രണ്ടുപേരെങ്കിലും ആത്മഹത്യക്ക് ശ്രമിക്കുന്നുമുണ്ട്.

2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ ആറുമാസത്തിനിടെ 10-നും 25-നും ഇടയിൽ പ്രായമുള്ള 86 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. 25-ലധികം ആത്മഹത്യാശ്രമങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ ഇതിലും എത്രയോ മുകളിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസുകളുടെ എണ്ണത്തിൽ തെക്കൻ ജില്ലകളാണ് മുന്നിൽനിൽക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം ആറുമാസത്തിനിടെ 10 പേർ ആത്മഹത്യ ചെയ്യുകയും മൂന്നുപേർ ഇതിനായി ശ്രമിക്കുകയും ചെയ്തു. കാസർകോട് ജില്ലയിൽ എട്ടുപേരാണ് ഇക്കാലയളവിൽ മരിച്ചത്.

പഠനസമ്മർദം മുതൽ പ്രണയബന്ധങ്ങൾ തകരുന്നത് വരെ ജീവനൊടുക്കലിലേക്ക് നയിക്കുന്നതായി പൊലിസ് ഉദ്യോഗസ്ഥരും വിദഗ്ധരും വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ കടുത്ത ആശങ്കയെത്തുടർന്നും സംസ്ഥാനത്ത് ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുർബലമായ പ്രണയബന്ധങ്ങൾ, അവിശ്വാസം, ഭീഷണി, മുതലെടുപ്പുകൾ, കുടുംബവുമായുള്ള മാനസികമായ അകലം, സമൂഹം അടിച്ചേൽപ്പിക്കുന്ന സമ്മർദങ്ങൾ എന്നിവയെല്ലാം ഒരു നിമിഷത്തെ വൈകാരികമായ എടുത്തുചാട്ടങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.
മുൻവിധിയില്ലാതെ കാര്യങ്ങൾ കേൾക്കാൻ ആരുമില്ലെന്ന ധാരണയാണ് കുട്ടികളെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത്. സമ്മർദങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളോ സൗഹൃദങ്ങളോ ഇത്തരം കുട്ടികൾക്കുണ്ടാകാറില്ല." എന്ന് സൈക്കോസോഷ്യൽ കൺസൾട്ടന്റ് & സൈക്യാട്രിക് സോഷ്യൽ വർക്കറായ ഡോ. അരുൺ സദാശിവൻ പറയുന്നു.

*പരിഹാരമാർഗങ്ങൾ*

മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾതലം മുതൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകണം. മാതാപിതാക്കൾ വീടുകളിൽ ആരോഗ്യകരവും കുട്ടികളുമായി തുറന്നു സംസാരിക്കാൻ സാധിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കണം. ആവശ്യമെങ്കിൽ കൗൺസലിങ്ങും തെറാപ്പിയും തേടാൻ യാതൊരു മടിയും കാണിക്കരുത്.

സംസ്ഥാനത്ത് ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.* മാനസിക സമ്മർദങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുന്നുണ്ടെങ്കിൽ ഉടൻതന്നെ വിദഗ്ധ സഹായം തേടുക. ദിശ ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056