മൂന്ന് ജില്ലകളിലെ പോലീസിന്റെ സമയോചിത ഇടപെടൽ നഷ്ടപ്പെട്ട പണവും മൊബൈൽ ഫോണും കണ്ടെത്തി

പണവും വിലകൂടിയ മൊബൈൽ ഫോണും അടങ്ങിയ ബാഗ് മൂന്ന് ജില്ലകളിലെ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലിൽ മണിക്കൂറുകൾക്കകം കണ്ടെത്തി. തിരുവനന്തപുരം കല്ലയം സ്വദേശിയുടെ വീട്ടിൽ വരുകയായിരുന്ന ഹരിപ്പാട് സ്വദേശിയുടെ ബാഗാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസിന്റെ മാതൃകാപരമായ ഏകോപനത്തിലൂടെ കണ്ടെടുത്തത്.

യാത്രയ്ക്കിടയിൽ കുരിവിയോട്ടുള്ള പെട്രോൾ പമ്പിൽ ബാഗ് മറന്നുവെച്ചെന്ന സംശയത്തെ തുടർന്ന് ഇവർ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

തുടർന്ന് മണ്ണന്തല പൊലീസ് ഉടൻ തന്നെ ചടയമംഗലം സ്റ്റേഷനിൽ വിവരമറിയിച്ചു. സന്ദേശം ലഭിച്ചയുടൻ ചടയമംഗലം നൈറ്റ് ഓഫീസർ എ.എസ്.ഐ ബിനുകുമാർ, ഡ്രൈവർ അബിൻ ബാബു എന്നിവർ പമ്പിലെത്തി അന്വേഷിച്ചെങ്കിലും ബാഗ് അവിടെ ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടയിൽ ബാഗ് കാറിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന് മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് പത്തനംതിട്ട അടൂരിലാണെന്ന് കണ്ടെത്തി. തുടർന്ന് ചടയമംഗലം പൊലീസ് വിവരം അടൂർ പൊലീസിന് കൈമാറുകയും, അവരുടെ ദ്രുതഗതിയിലുള്ള പരിശോധനയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.