കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡ സ്വദേശി പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ച തന്നെ മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാത്രി 11.20-ഓടെ മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഷാന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽനിന്ന് ഉച്ചയോടെ പുറപ്പെട്ടതായിരുന്നു ഈ അഞ്ചംഗ സുഹൃത്തുക്കൾ. വീട്ടിൽ കല്യാണ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ദുരന്തവാർത്ത ബന്ധുക്കളെ തേടിയെത്തുന്നത്. ബെംഗളൂരുവിലെ ബി.എം.എസ്. കോളേജിൽ ബി.ടെക് എയ്റോസ്പേസ് എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥികളായിരുന്ന ഇവർ പഠനകാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിൽ ഷാൻ സിറാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ട് മാസം മുൻപ് ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറി പൂർണ്ണമായും തകരുകയായിരുന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തുവെച്ചും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടതെന്നും ഇത് ഓടിച്ചിരുന്നത് പരം ഛേത്രിയാണെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച ഷാൻ സിറാജ് അലവിൽ കോളനി ഗേറ്റിലെ സിറാജിന്റെയും ഷംനയുടെയും മകനാണ്. സഹോദരി: സമീൻ. മുഹമ്മദ് റിസ്വാൻ കാഞ്ഞങ്ങാട് സ്വദേശി ബഷീറിന്റെയും റീനയുടെയും മകനാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ്, ഹിന ഫാത്തിമ. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അമിതവേഗമാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഷാൻ സിറാജിന്റെയും മുഹമ്മദ് റിസ്വാന്റെയും മൃതദേഹങ്ങൾ വൈകീട്ടോടെ കബറടക്കി.
“ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും. കൂടാളി എത്താറായി. ഞാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ, എന്റെ നാല് കൂട്ടുകാരും വരുന്നുണ്ടെന്ന്. എനിക്കും അവർക്കും കഴിക്കാൻ ബിരിയാണി വേണം.” – അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് രാത്രി 10.45-ഓടെ ഷാൻ സിറാജ് ഉമ്മ ഷംനയെ ഫോണിൽ വിളിച്ച് പറഞ്ഞ അവസാന വാക്കുകളാണിത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ടുകാരുമായി സന്തോഷത്തോടെ നാട്ടിലേക്ക് വരുമ്പോഴാണ് ഈ സുഹൃത്തുക്കളെ മരണം കവർന്നത്.
