‘അമ്മ കല്യാണം ആലോചിക്കുന്നു, വേണ്ടെന്ന് പറഞ്ഞി‌ട്ട് കേൾക്കുന്നില്ല’; തല മൊട്ടയടിച്ച് പെൺകുട്ടി, ​ഈ ഐഡിയ പൊളിയെന്ന് സോഷ്യൽ മീഡിയ

വിവാഹത്തോടുള്ള ഇന്നത്തെ യുവതലമുറയുടെ കാഴ്‌ചപ്പാടുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മാറിയിട്ടുണ്ട്. കരിയറിനും വ്യക്തിപരമായ സ്വപ്നങ്ങൾക്കും മുൻഗണന നൽകുന്ന പലർക്കും വിവാഹം എന്നത് നിർബന്ധമുള്ള കാര്യമല്ല. വിവാഹ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും പലരെയും ഇതിൽ നിന്നും അകറ്റുന്നുണ്ട്. എന്നാൽ, വീട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ വേറിട്ടൊരു പ്രതിരോധവുമായി എത്തിയിരിക്കുകയാണ് ഒരു പെൺകുട്ടി. തന്റെ സമ്മതമില്ലാതെ അമ്മ വിവാഹമാലോചിക്കാൻ തുടങ്ങിയതോടെ, അതിൽ പ്രതിഷേധിക്കാൻ പെൺകുട്ടി കണ്ടെത്തിയ മാർഗ്ഗം തല മൊട്ടയടിക്കുക എന്നതായിരുന്നു. കീർത്തന മേനോൻ എന്ന പ്രൊഫൈലിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോയ്ക്ക് താഴെ പെൺകുട്ടിയെ പിന്തുണച്ചുകൊണ്ടും രസകരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഇതൊരു മികച്ച ഐഡിയയാണെന്നും, ഈ വഴി പറഞ്ഞുതന്നതിന് വലിയ നന്ദിയുണ്ടെന്നുമാണ് പല പെൺകുട്ടികളും കമന്റ് ചെയ്യുന്നത്. മുൻപ് താനും സമാനമായ രീതിയിൽ ചെയ്തപ്പോൾ അഞ്ചുവർഷത്തേക്ക് വീട്ടുകാരിൽ നിന്നും പൂർണ്ണ സമാധാനം ലഭിച്ചുവെന്ന് മറ്റൊരു യുവതി തൻ്റെ അനുഭവം പങ്കുവെച്ചു. പെൺകുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് മികച്ചൊരു ഭാവി ആശംസിക്കുന്നവരുമുണ്ട്. അതേസമയം, താനും ഈ ഐഡിയ പരീക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ, വിലകൂടിയൊരു വിഗ് വാങ്ങിത്തരാമെന്നായിരുന്നു അമ്മയുടെ മറുപടിയെന്ന മറ്റൊരു പെൺകുട്ടിയുടെ രസകരമായ കമന്റും ചിരി പടർത്തുന്നുണ്ട്. സമ്മർദ്ദങ്ങൾക്കിടയിലും സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ പെൺകുട്ടി കാട്ടിയ വേറിട്ട വഴിയാണ് ഇപ്പോൾ ഇൻ്റർനെറ്റിലെ സംസാരവിഷയം