സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവങ്ങൾ കൈമാറുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ചികിത്സയിലുള്ള രോഗികൾക്ക് കൈമാറും.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെ 'ഗ്രീൻ കോറിഡോർ' പാത സജ്ജീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങൾ എത്തിക്കും. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന നേതാവിന്റെ വേർപാടിലും അഞ്ചുപേരുടെ ജീവിതത്തിലേക്ക് വെളിച്ചമായി മാറുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ നാടൊന്നാകെ പ്രണാമം അർപ്പിക്കുകയാണ്.
