ഫുട്ബാള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോക റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ സെമിഫൈനലില്‍ ഏറ്റുമുട്ടുന്നു

ഫുട്ബാള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോക റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ സെമിഫൈനലില്‍ ഏറ്റുമുട്ടുന്ന അപൂര്‍വ നേട്ടത്തിന് 2026 ലോകകപ്പ് സാക്ഷിയാകുന്നു. നിലവിലെ ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ വമ്പന്‍മാരാണ് ലോകകപ്പിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്.

2026 ലോകകപ്പിനായി ഫിഫ നറുക്കെടുപ്പ് രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് ഈ ചരിത്ര നേട്ടത്തിന് വഴിയൊരുക്കിയത്. റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകള്‍ സെമിഫൈനലിന് മുമ്പ് പരസ്പരം ഏറ്റുമുട്ടാതിരിക്കാനായി അവരെ വ്യത്യസ്ത ക്വാഡ്രന്റുകളിലായി ഉള്‍പ്പെടുത്തിയിരുന്നു. നാല് ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയതോടെ ഫിഫയുടെ ആസൂത്രണവും യാഥാര്‍ഥ്യമായി.

കഴിഞ്ഞ ലോകകപ്പുകളില്‍ റാങ്കിങ്ങില്‍ മുന്നിലുണ്ടായിരുന്ന പല വമ്പന്‍ ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടം പോലും കടക്കാനായിരുന്നില്ല. 2022-ല്‍ ബെല്‍ജിയവും, 2018-ല്‍ ജര്‍മനിയും, 2014-ല്‍ സ്‌പെയിനും, 2010-ല്‍ ഇറ്റലിയും, 2002-ല്‍ ഫ്രാന്‍സും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ റാങ്കിങ്ങിലെ ആദ്യ നാല് ടീമുകളും സെമിയിലെത്തിയതോടെ ലോകകപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഫ്രാന്‍സ് സ്‌പെയിനിനെ നേരിടും. ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഇംഗ്ലണ്ടിനെതിരെ ഇറങ്ങും.

നിലവിലെ ഫിഫ റാങ്കിങ്ങില്‍ 1,948.97 പോയിന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. 1,943.47 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തും, 1,934.79 പോയിന്റുമായി സ്‌പെയിന്‍ മൂന്നാം സ്ഥാനത്തും, 1,889.42 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ 2-0ന് തോല്‍പിച്ചാണ് ഖത്തര്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് സെമിയിലെത്തിയത്. ബെല്‍ജിയത്തെ 2-1ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ അവസാന നാലില്‍ ഇടം നേടിയത്. അധികസമയത്തേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ നോര്‍വെയെ 2-1ന് തോല്‍പിച്ചാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്. മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് കരുത്തായത്. 2018 റഷ്യന്‍ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിഫൈനലിലെത്തുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടന്നാണ് അര്‍ജന്റീന സെമിഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്തിയ ഫ്രാന്‍സും അര്‍ജന്റീനയും വീണ്ടും കിരീടപ്പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും 1966ന് ശേഷം ആദ്യ ലോകകിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടും ആവേശം ഇരട്ടിയാക്കുകയാണ്. റാങ്കിങ്ങിലെ ആദ്യ നാല് ടീമുകള്‍ ഒരുമിച്ച് സെമിഫൈനലിലെത്തിയ സാഹചര്യത്തില്‍ ലോകകപ്പ് കിരീടപ്പോരാട്ടം ഇതുവരെ കാണാത്ത വിധം കടുപ്പമേറിയതാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.