കുറ്റ്യാടി: സ്കൂൾ കുട്ടികളുമായി സ്കൂൾ വാനോടിക്കവേയാണ് ഡ്രൈവർ അനിൽകുമാറിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. നെഞ്ചുവേദനയ്ക്കിടയിലും തന്റെ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വലിയൊരു ദുരന്തം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.
തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചെറുകുന്ന് വാഴയിൽമുക്കിൽ വെച്ച് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നെങ്കിലും പരിഭ്രാന്തനാകാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തിയ അനിൽകുമാർ നാട്ടുകാരുടെ സഹായത്തോടെ സ്വന്തം ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിൽ കുമാർ കാണിച്ച ആത്മസംയമനവും ഉത്തരവാദിത്തബോധവും വാനിലുണ്ടായിരുന്ന മുഴുവൻ കുട്ടികളെയും സുരക്ഷിതരാക്കി. പിന്നീട് മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്.
ദീർഘകാലമായി ഡ്രൈവിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന അനിൽ കുമാർ ന ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി നാടിന്റെ കണ്ണീരോർമ്മയായി മാറുകയാണ്.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥിനി പാർവണ മകളാണ്. സഹോദരി: അനില.
