ഗിന്നസ് റെക്കോർഡ് വേണം; തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാറോടിക്കാൻ അനുവദിച്ച തെലങ്കാനയിലെ പൊലീസ് സബ് ഇൻസ്‌പെക്ടർ പൂജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് റെക്കോർഡ് നേട്ടത്തിനായി കുട്ടിയെ തയ്യാറാക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കുട്ടി വണ്ടി ഓടിച്ചതിനെത്തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. അപകടസാധ്യതയെക്കുറിച്ച് ചോദിച്ച നാട്ടുകാരോട്, “ഇത് എന്റെ ഇഷ്ടമാണ്, എന്നെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്?” എന്ന് സബ് ഇൻസ്‌പെക്ടർ ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രാഫിക് നിയമങ്ങൾ പൊലീസുകാർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങൾ കടുത്ത പ്രതിഷേധമുയർത്തി.

തുടർന്ന് നർസിംഗി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഓട്ടോമാറ്റിക് കാർ ആയതുകൊണ്ട് വാഹനത്തിന്റെ നിയന്ത്രണം തന്റെ കൈയിലായിരുന്നുവെന്നാണ് എസ്.ഐ പൊലീസിന് നൽകിയ വിശദീകരണം. സംഭവം ഗൗരവമായെടുത്ത തെലങ്കാന ഡിജിപി സി.വി. ആനന്ദ്, കുറ്റാരോപിതനായ സബ് ഇൻസ്‌പെക്ടറെ ഉടനടി സസ്‌പെൻഡ് ചെയ്യാനും വകുപ്പുതല അന്വേഷണം ആരംഭിക്കാനും ഉത്തരവിട്ടു.