48 പോരാ, 64 വേണം; 2030 ലോകകപ്പില്‍ വന്‍ മാറ്റത്തിന് സൂചന നല്‍കി ജിയാനി ഇന്‍ഫാന്റിനോയുടെ പുതിയ തീരുമാനം

ഫിഫ ലോകകപ്പ് വീണ്ടുമൊരു വന്‍ മാറ്റത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ, 2030-ലെ ലോകകപ്പില്‍ അത് 64 രാജ്യങ്ങളായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഫിഫ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.

ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്, ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നാണ്. എന്നാല്‍, യോഗ്യതാ മത്സരങ്ങളുടെ ആവേശം കുറയ്ക്കുമെന്നും ടൂര്‍ണമെന്റിന്റെ മൊത്തത്തിലുള്ള നിലവാരത്തെ ബാധിക്കുമെന്നുമാണ് വിമര്‍ശകരുടെ വാദം.

സ്വിസ് മാധ്യമമായ 'ബ്ലൂവിന്‍'നോട് സംസാരിക്കവെ, വന്‍ വിജയമെന്ന് അദ്ദേഹം വിശേഷിപ്പിച്ച 2026-ലെ ലോകകപ്പിന് ശേഷം ഈ നിര്‍ദ്ദേശം ഫിഫ കമ്മിറ്റികള്‍ പരിശോധിക്കുമെന്ന് ഇന്‍ഫാന്റിനോ വ്യക്തമാക്കി. 48-ല്‍ നിന്ന് 64 ആയി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. 1998 മുതല്‍ 2022 വരെ 32 ടീമുകളാണ് മത്സരിച്ചിരുന്നത്. 2026-ല്‍ ഇത് 48 ആയി വര്‍ദ്ധിപ്പിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ 2030 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായി മാറും. ഫിഫയിലെ 210 അംഗരാജ്യങ്ങളില്‍ നാലിലൊന്നിലധികം രാജ്യങ്ങള്‍ക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ ഇതിലൂടെ അവസരം ലഭിക്കും.

'ഈ ലോകകപ്പ് സൈക്കിളിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികള്‍ ഈ വിഷയം വിശദമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും,' ഇന്‍ഫാന്റിനോ ബ്ലൂവിന്നിനോട് പറഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനെ ഫിഫ പ്രസിഡന്റ് ശക്തമായി ന്യായീകരിച്ചു. 'ലോകകപ്പ് ലോകം മുഴുവനുള്ളതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും വേണ്ടി മാത്രമല്ല,' ഇന്‍ഫാന്റിനോ പറഞ്ഞു. 'ഓരോ രാജ്യത്തിനും ലോകകപ്പില്‍ പങ്കെടുക്കാന്‍ സ്വപ്നം കാണാനുള്ള അവകാശമുണ്ട്. ലോകമെമ്പാടുമുള്ള ടീമുകളുടെ നിലവാരം വളരെ ഉയര്‍ന്നതാണെന്നും അത് ഇനിയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നമുക്ക് കാണാം. ചെറിയ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, അവരുടെ കളി മെച്ചപ്പെടുത്താനുള്ള പ്രചോദനം അവര്‍ക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.