യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. ഇൻക്വയറി (അന്വേഷണ) വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ്, ബസുകളുടെ സമയം ചോദിച്ചെത്തിയ യാത്രക്കാരോട് തട്ടിക്കയറുകയും അസഭ്യമായി പെരുമാറുകയും ചെയ്തത്.
സമയം ചോദിച്ചപ്പോൾ മറുപടി നൽകാതെ മൊബൈൽ ഫോണിൽ നോക്കിയിരുന്ന ജീവനക്കാർ, ചോദ്യം ആവർത്തിച്ചപ്പോൾ "ബസ് വരുമ്പോഴേ അറിയാൻ പറ്റൂ" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി സമയത്തെ ജീവനക്കാരുടെ ഈ വീഴ്ചയെക്കുറിച്ച് യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡി (CMD) നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൺട്രോളിംഗ് ഇൻസ്‌പെക്ടർ അബ്ദുൾ ഫെയ്‌സി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽ കുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി ഉടൻ തന്നെ സിഎംഡിക്ക് റിപ്പോർട്ട് കൈമാറുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് അറിയിച്ചു. ഇൻക്വയറി കൗണ്ടറിലിരിക്കുന്ന ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ഡിപ്പോയിൽ സ്ഥിരമായി ആക്ഷേപങ്ങൾ ഉയരാറുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
