2019 നവംബർ മൂന്നിന് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എൻ.സെഡ്.എം - ടി.വി.സി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത പ്രശാന്ത കുമാർ എന്നയാൾക്കും അദ്ദേഹത്തിന്റെ 10 അംഗ കുടുംബത്തിനുമാണ് ഈ ദുരനുഭവമുണ്ടായത്.
വൈകുന്നേരം 5:40-ന് ട്രെയിൻ വരുമെന്ന് കരുതി അഞ്ചു മണിയോടെ ഇവർ സ്റ്റേഷനിൽ എത്തിയപ്പോഴാണ്, സമയമാറ്റം കാരണം ഉച്ചയ്ക്ക് 2:50-ന് തന്നെ ട്രെയിൻ പുറപ്പെട്ടുപോയി എന്ന് അറിയുന്നത്. തുടർന്ന് ഇവർ അന്ത്യോദയ എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്താണ് നാട്ടിലേക്ക് മടങ്ങിയത്.
നവംബർ മുതൽ പുതിയ ടൈംടേബിൾ വന്ന വിവരം മാധ്യമങ്ങളിലൂടെയും മറ്റും അറിയിച്ചിരുന്നുവെന്നാണ് റെയിൽവേ വാദിച്ചതെങ്കിലും, പരാതിക്കാരന് ഈ വിവരം കൃത്യമായി ലഭിച്ചുവെന്ന് തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സേവനങ്ങളിൽ കൃത്യത ഉറപ്പാക്കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
തുടർന്നാണ് ടിക്കറ്റ് തുകയായ 3,784 രൂപ ആറു ശതമാനം പലിശയോടെയും, മാനസിക ബുദ്ധിമുട്ടിന് 25,000 രൂപയും, കോടതി ചെലവായി 3,000 രൂപയും നൽകാൻ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ കോടതി ചെലവ് ഒഴികെയുള്ള തുകയ്ക്ക് ഒമ്പത് ശതമാനം പിഴപ്പലിശ നൽകേണ്ടി വരും.
