പൊങ്കൽ റിലീസായി ജനുവരിയിൽ എത്താനിരുന്ന ചിത്രം വിവിധ കാരണങ്ങളാൽ നീണ്ടുപോയിരുന്നു. തമിഴ്നാട്ടിൽ മാത്രം ഏകദേശം 1,000 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക എന്നാണ് വിവരം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ആദ്യം യു/എ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ചിത്രത്തിലെ ചില രംഗങ്ങൾ പൊതുവികാരത്തെ ബാധിക്കുമെന്ന എതിർപ്പിനെ തുടർന്ന് സെൻസർ നടപടികൾ വൈകുകയായിരുന്നു. ഒടുവിൽ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
സെൻസർ നടപടികളിലെ കാലതാമസത്തെ തുടർന്ന് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം സമർപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനിടെ ഏപ്രിലിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ചോർന്നത് അണിയറപ്രവർത്തകർക്കും വലിയ തിരിച്ചടിയായി. ഈ പൈറേറ്റഡ് പതിപ്പ് ലക്ഷക്കണക്കിന് ആളുകൾ കണ്ടതായി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായ വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് 'ജനനായകൻ' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
