എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 93ആം മിനുട്ടിലാണ് നിർണ്ണായകമായ ഗോൾ റയൽ മാഡ്രിഡ് താരം നേടുന്നത്. പകരക്കാരനായി ഇറങ്ങിയ മോർഗൻ റോജേഴ്‌സിന്റെ വെടിയുണ്ട പോലെയുള്ള ഷോട്ട് തടഞ്ഞെങ്കിലും അത് കൈക്കുള്ളിലാക്കാൻ നോർവീജിയൻ ഗോളി നൈലാൻഡിന് കഴിഞ്ഞില്ല. മുന്നിലേക്ക് വീണ പന്തിലേക്കു കുതിച്ചെത്തിയ ബെല്ലിംഗ്ഹാം തൊടുത്ത ഷോട്ട് നോർവെയുടെ ലോകകപ്പ് യാത്രയ്ക്ക് അന്ത്യം കുറിച്ചു.
നേരത്തെ, ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിലൂടെ നോർവെയാണ് മുന്നിലെത്തിയത്. കളിയുടെ 36ആം മിനുട്ടിൽ ഷ്ജെൽഡെറപ്പ് ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തിയത് ശ്രദ്ധിക്കാൻ ഇംഗ്ലണ്ട് താരങ്ങൾ ഒരു നിമിഷം വൈകി. അവസരം മുതലാക്കി ബോക്സിൽ കയറിയ താരം തൊടുത്ത ഷോട്ട് വലയിലാക്കുന്നത് നോക്കി നിൽക്കാനേ ഇംഗ്ലണ്ട് താരങ്ങൾക്ക് കഴിഞ്ഞുള്ളു.
എന്നാൽ അധികം വൈകാതെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിൽ ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ ഗോർഡൻ, പന്ത് ബോക്സിൽ നിൽക്കുകയായിരുന്ന ബെല്ലിംഗ്ഹാമിനു നൽകി. തന്നെ തടുത്ത് നിന്ന പ്രതിരോധകാരനെ ചുറ്റി തിരിഞ്ഞ താരം പന്ത് അനായാസേന വലയിലെത്തിച്ചു. തൊട്ടു പിന്നലെ ഹാരി കെയിൻ ഗോൾ അടിച്ചെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നു കഴിഞ്ഞിരുന്നു.രണ്ടാം പകുതിയുടെ ആരംഭത്തിൽ ഹെഗ്ഗെം ഇംഗ്ലണ്ടിന്റെ വല കുലുക്കി. എന്നാൽ കോർണർ കിക്കിനെ തുടർന്നുള്ള കൂട്ടപ്പൊരിച്ചിലിനിടെ ഉണ്ടായ ഗോൾ ഹാലണ്ട് ഇംഗ്ലീഷ് താരത്തെ ഫൗൾ ചെയ്തത് വിഎആറിൽ കണ്ടെത്തയതിനാൽ അനുവദിക്കപ്പെട്ടില്ല.
