ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്,ഇരട്ട ഗോളുകളുമായിഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ.

ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടർ യോഗ്യത നേടുമ്പോൾ, ഇരട്ട ഗോളുകളുമായി വീണ്ടും വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവധി റെക്കോർഡുകളാണ് താരം ഇന്ന് തിരുത്തിക്കുറിച്ചതത്.
തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിൽ 18 മത്സരങ്ങളിൽനിന്ന് 18 ഗോളുകൾ എന്ന അവിശ്വസനീയ നേട്ടത്തിൽ എംബാപ്പെ എത്തിച്ചേർന്നു.

ജർമനിയുടെ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന താരം, എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഒറ്റയ്ക്ക് മുന്നേറി. 19 ഗോളുകളുമായി ഒന്നാമതുള്ള അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെ മറികടക്കാൻ വെറും രണ്ടു ഗോൾ മാത്രം മതി ഇപ്പോൾ ഈ 27-കാരന്.

കേവലം ഗോളുകളുടെ എണ്ണത്തിൽ മാത്രമല്ല, ലോകകപ്പിന്റെ ബിസിനസ്സ് എൻഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ചരിത്ര നേട്ടവും എംബാപ്പെ സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ടുകളിൽ മാത്രമായി 10 ഗോളുകൾ അടിച്ചുകൂട്ടിയ താരം, വലിയ വേദികളിൽ താൻ എത്രത്തോളം അപകടകാരിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
സ്വീഡനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോൾ പിറന്നത്. പിന്നീട് 74-ാം മിനിറ്റിൽ താരം ഫ്രാൻസിന്റെ മൂന്നാം ഗോളും സ്വന്തം അക്കൗണ്ടിലാക്കി വിജയം പൂർത്തിയാക്കി.

ഈ ലോകകപ്പിൽ മാത്രം ഇതിനകം 6 ഗോളുകൾ നേടിക്കഴിഞ്ഞ റയൽ മാഡ്രിഡ് സൂപ്പർ താരം, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം സംയുക്തമായി ഒന്നാം സ്ഥാനത്തുണ്ട്.