തിങ്കളാഴ്ച പുലർച്ചെ ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ, മെസ്സിയുടെ മുന്നിൽ പ്രധാന എതിരാളിയായി നിൽക്കുന്നത് അന്ന് താലോലിച്ച അതേ കുഞ്ഞായ ലാമിൻ യമാലാണ്. ഫുട്ബോളിലെ അത്ഭുതബാലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് കൗമാരതാരം ഇന്ന് ലോകഫുട്ബോളിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്.
2007 ഡിസംബറിലാണ് ഈ ചരിത്രചിത്രം പകർത്തിയത്. കറ്റാലൻ സ്പോർട്സ് ദിനപത്രമായ സ്പോർട്ട് യൂണിസെഫുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ കലണ്ടറിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഷൂട്ടിലായിരുന്നു മെസ്സിയും യമാലും ഒരുമിച്ചത്. ബാഴ്സലോണ താരങ്ങളും പ്രാദേശിക കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ നറുക്കെടുപ്പിലൂടെയാണ് യമാലിന്റെ മാതാപിതാക്കളായ മുനീർ നസ്രാവിക്കും ഷെയ്‌ല എബാനക്കും കുഞ്ഞുമായി പങ്കെടുക്കാൻ അവസരം ലഭിച്ചത്.
പ്രശസ്ത ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ടാണ് ചിത്രങ്ങൾ പകർത്തിയത്. മെസ്സി കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്നതും സ്നേഹത്തോടെ കയ്യിലെടുക്കുന്നതുമെല്ലാം ചിത്രങ്ങളിൽ പതിഞ്ഞിരുന്നു.
വർഷങ്ങളോളം ഈ ചിത്രങ്ങൾ പൊതുശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 2024 യൂറോ കപ്പിനിടെയാണ് യമാലിന്റെ പിതാവ് ഇൻസ്റ്റഗ്രാമിൽ ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെ അവ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മെസ്സിയുമായുള്ള താരതമ്യം കരിയറിന്റെ തുടക്കത്തിൽ സമ്മർദമാകാതിരിക്കാനാണ് കുടുംബം ഇത്രയും വർഷം ചിത്രം പുറത്തുവിടാതിരുന്നതെന്ന് പിന്നീട് യമാലും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ആ ചിത്രത്തിലെ കുഞ്ഞും ഇതിഹാസതാരവും ലോകകപ്പ് കിരീടത്തിനായുള്ള പോരാട്ടത്തിൽ നേർക്കുനേർ എത്തുമ്പോൾ, ഫുട്ബോൾ ലോകം ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ്.
#FIFAWorldCup2026 #messi #yamal #argentina #spain #sports #SportsNews
