വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15മരണമെന്ന് റിപ്പോർട്ട്; ഇന്ത്യാക്കാരുൾപ്പെടെ നിരവധി പേരേ കാണാതായി

ഹനോയ്: വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മുങ്ങി. 15പേരോളം മുങ്ങിമരിച്ചതായി റിപോർട്ടുണ്ട്. ഇന്ത്യാക്കാരുൾപ്പെടെ നിരവധി പേരേ കാണാതായതായി റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു അപകടം.

ബോട്ടിൽ 32 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ 15 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം വിയറ്റ്നാമിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫു ക്വോക്കിന് സമീപമുള്ള ഹോൻ മേ ങോയ് മേഖലയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സേനകളുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.