കിളിമാനൂർ അടയമണ്ണിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അടയമണ്ണ് സ്വദേശി അബി സുനിൽ (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അബി സുനിൽ വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ തിരികെ വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് അപകട വിവരം നാട്ടുകാർ അറിയുന്നത്.
അബിയുടെ വീടിന് 100 മീറ്ററോളം അകലെയുള്ള കോൺക്രീറ്റ് റോഡിന് സമീപത്താണ് അപകടം നടന്നത്. റോഡിന്റെ ഒരു ഭാഗത്ത് താഴ്ന്ന പ്രദേശമുള്ള വീടിന് സമീപത്തായി ഇന്ന് രാവിലെ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ബുള്ളറ്റ് ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 15 അടിയോളം താഴ്ചയിൽ അബിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കിളിമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണവും മറ്റ് നടപടികളും സ്വീകരിച്ചു. അപകടത്തിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
