12കാരിയോട് കൊടും ക്രൂരത കാട്ടിയ ക്രൂരനെ പൊലീസ് വെടിവെച്ചുകൊന്നു; തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചെന്ന് വിശദീകരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്‍റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്‍റെ ഭാഗമായി പൊലീസ് തിരികെ വെടിവെക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പൊലീസ് സംഘം പുലർച്ചെ 12.45ഓടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂർ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. എന്നാൽ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോൾവർ തട്ടിയെടുക്കുകയും പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ബാരൂയിപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജൂലൈ നാലിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് വലിയ രീതിയിലുള്ള ജനരോഷവും അക്രമസംഭവങ്ങളുമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടത്.

റിപ്പോർട്ട് തേടി മുഖ്യമന്ത്രി
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഈ അക്രമങ്ങൾക്കിടയിൽ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. എന്നാൽ ഇന്ദ്രജിത് മണ്ഡൽ തികച്ചും നിരപരാധിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.