*ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍, ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു*

ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍. ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ട്. ഇത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട കപ്പലിലെ 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് 

 ഒമാൻ അധികൃതർ അറിയിച്ചു. ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പട്ടത്. ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രം​ഗത്തെത്തിയിട്ടുണ്ട്. ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾക്കുള്ള ശ്രമങ്ങളും സജീവമാണ്.
അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്ര നടക്കുമ്പോൾ പ്രകോപനം ഒന്നുമില്ലാതെ ഹോർമുസിൽ കപ്പലുകളാക്രമിച്ച് മധ്യസ്ഥ രാഷ്ട്രങ്ങളെ വരെ പിണക്കിയതാരാണെന്നതാണ് ചോദ്യം. ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട, ഇറാനുള്ളിലെ തന്നെ ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൃത്തങ്ങളെ ഉദ്ദരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ധാരണകൾ പാലിക്കുന്നതിൽ ഇറാന്റെ വിശ്വാസ്യത സമീപരാഷ്ട്രങ്ങൾ പോലും സംശയിക്കുന്ന നിലയിലായി. പാക് പ്രധാനമന്ത്രിയുമായി സംസാരിച്ച ഇറാൻ പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും നേരെയാണ്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ തന്റെ സ്വന്തം റിസ്ക്കിൽ എതിർപ്പുകൾ മറികടന്ന് അമേരിക്കയുമായി ഒപ്പിട്ട ധാരണയാണിത് എന്നത് ശ്രദ്ധേയമാണ്. ഇറാൻ പ്രതിരോധത്തിലായതോടെ അമേരിക്ക കടുപ്പിക്കുകയാണ്. യുറേനിയം ശേഖരം കൈമാറിയില്ലെങ്കിൽ ഇറാനുമായി കരാറില്ല എന്നാണ് ഒരു നിലപാട്.