CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വീണയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

കേസില്‍ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.