ഒരു യാത്ര... തിരികെ വീട്ടിലെത്തിയില്ല! ബസ് ജീവനക്കാരുടെ വീഴ്ചയിൽ പൊലിഞ്ഞത് വിലപ്പെട്ട ഒരു ജീവൻ!

​ഓരോ യാത്രയും അവസാനിക്കുന്നത് സ്വന്തം വീട്ടിലാകണം എന്ന പ്രതീക്ഷയിലാണ് നമ്മളെല്ലാവരും വണ്ടി കയറുന്നത്. ഇന്നലെ രാത്രി പറവൂർ - കലൂർ റൂട്ടിലോടുന്ന ബസിലുണ്ടായിരുന്ന ബാക്കി എല്ലാവരും അവരവരുടെ വീടുകളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. പക്ഷേ, വള്ളുവള്ളി ചുങ്കത്ത് നോബി പെരേരയുടെ മകൻ ബിബിൻ പെരേരയ്ക്ക് (46) മാത്രം ആ ബസിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങാനായില്ല... ജീവന് വേണ്ടി പിടയുമ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ, സ്വന്തം ട്രിപ്പും സമയക്രമവും മാത്രം നോക്കി ബസുകാർ കാണിച്ച അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണിയാണ്.

​കുന്നുംപുറത്ത് വെച്ചാണ് ബിബിന് ബസ്സിൽ വെച്ച് വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്ന് തുടങ്ങുന്നത്. ജീവന് വേണ്ടി ഒരു മനുഷ്യൻ വണ്ടിയിൽ കിടന്ന് പിടയുമ്പോൾ, തൊട്ടടുത്ത് തന്നെ അമൃതയും ആസ്റ്റർ മെഡിസിറ്റിയും പോലെയുള്ള എറണാകുളത്തെ തന്നെ ഏറ്റവും മികച്ച ആശുപത്രികൾ ഉണ്ടായിരുന്നു. പക്ഷേ, ആ ബസ് ജീവനക്കാർ വണ്ടി അങ്ങോട്ട് തിരിക്കുന്നതിന് പകരം, ബാക്കിയുള്ള യാത്രക്കാരെ ഓരോ സ്റ്റോപ്പിലും ഇറക്കി വള്ളുവള്ളി വരെ വണ്ടി ഓടിച്ചു. പറവൂർ - കലൂർ റൂട്ടിലോടുന്ന ആ ബസിന്റെ പേര് ഞാൻ ഇവിടെ എടുത്തു പറയുന്നില്ല. എങ്കിലും, സ്വന്തം ജീവന് വേണ്ടി ഒരാൾ പിടയുമ്പോൾ, കിലോമീറ്ററുകൾ താണ്ടാൻ അവർ കാണിച്ച ഈ വീഴ്ചയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

​ഒടുവിൽ അടിയന്തര ചികിത്സ നൽകാൻ തക്ക കാഷ്വാലിറ്റി സൗകര്യങ്ങൾ പോലുമില്ലാത്ത കാവിൽനടയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ബിബിനെ എത്തിക്കുമ്പോഴേക്കും ശരീരത്തിൽ നിന്നും ഒരുപാട് രക്തം വാർന്നുപോയിരുന്നു. അവിടെ നിന്നും ആംബുലൻസിൽ ഡോൺബോസ്കോയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.

​വെരിക്കോസ് വെയിൻ ഒരു നിസാര രോഗമല്ല. ശക്തമായ രക്തസ്രാവമുണ്ടായാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും അടുത്തുള്ള മികച്ച കാഷ്വാലിറ്റി സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക എന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്. അത്രയും നേരം ആ വണ്ടിയിലുണ്ടായിരുന്ന ബാക്കി യാത്രക്കാർക്കെങ്കിലും ഒന്ന് ശബ്ദിക്കാമായിരുന്നില്ലേ? മനുഷ്യജീവനേക്കാൾ വലുതല്ല ഒരു ബസിന്റെയും സമയക്രമവും ട്രിപ്പും.

​ഇനിയെങ്കിലും ഇതുപോലൊരു ദുരന്തം ആർക്കും ഉണ്ടാവാതിരിക്കട്ടെ. കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നു.