ന്യൂഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ പൊലീസ് വെടിവെപ്പ്. ഓൺലൈൻ ടാക്സി ഡ്രൈവറായ പ്രതി ബബ്‌ലുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പോലീസ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടിപ്പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ കാലിന് പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന മകളെ കാണാനില്ലെന്ന് മെഹ്‌റോളി പൊലീസിൽ പരാതി ലഭിക്കുന്നത്. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്‌ലു പോലീസിന്റെ പിടിയിലാകുന്നത്. ഫുട്പാത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു.
