കൊച്ചി: പിറവത്ത് കാണാതായ നാലംഗ കുടുംബത്തിൽ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. കോതമംഗലം സ്വദേശിയായ നാരായണൻ, ഭാര്യ ബിജിമോൾ, ആറ് വയസുകാരിയായ മകൾ, രണ്ട് വയസുകാരനായ മകൻ എന്നിവരെയാണ് കാണായത്. ബിജിമോളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ നാരായണൻ്റെ മൃതദേഹവും ഇന്ന് മകളുടെ മൃതദേഹവും കണ്ടെത്തി.
മുളംകുളം പാലത്തിന് സമീപത്തുനിന്നാണ് ബിജിമോളുടെ മൃതദേഹം കിട്ടിയത്. കോട്ടയം വെള്ളൂർ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
കോതമംഗലം പായിപ്ര സ്വദേശികളായ കുടുംബം ചെറുവത്തൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് ഇവരെ അവസാനമായി കണ്ടത്. പിറവം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളിലാണ് ഇവരെ കണ്ടത്. ബിജിമോൾ കാഴ്ചാപരിമിതിയുള്ള വ്യക്തിയായിരുന്നു.
സാമ്പത്തിക പരാധീനതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ വിഷയം പോലീസ് അറിയുകയും താമസസൗകര്യം
ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. എങ്കിലും കുടുംബത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.