ശബരിമല സ്വർണക്കവർച്ച കേസ്; പി എസ് പ്രശാന്തിനെയും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച ക്കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർത്തു.

2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ.അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു. ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇവരുടെ പ്രവൃത്തികൾ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, ഇവർക്കെതിരെ BNSS വ്യവസ്ഥകൾ പ്രകാരം കർശന നിയമനടപടികൾ ഉടൻ ആരംഭിക്കണം എന്ന് എസ്ഐടി ശുപാർശ ചെയ്തതായി കോടതി രേഖപ്പെടുത്തി.

അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.