എയർപോർട്ടിലെത്തിയത് ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ; കാണാതായ യുവാവിനെ രണ്ടുമാസത്തിനുശേഷം കണ്ടെത്തിയത് മോർച്ചറിയിൽ

രണ്ടുമാസം മുമ്പ് ഒമാൻ മസ്‌ക്കറ്റിൽ കാണാതായ കൊല്ലം സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചല്‍ കരു കോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ -സൈനം ബീവി ദമ്പതികളുടെ മകന്‍ അനസ് നാസര്‍ (30) ആണ് മരിച്ചത്. ഏപ്രില്‍ 23 മുതല്‍ യുവാവിനെ കാണാതായിരുന്നു.
അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി എന്‍ എ പരിശോധന വഴി ഒമാന്‍ പൊലീസ് തിരിച്ചറിയുകയായിരുന്നു. വാദി കബീറിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍നിന്ന് ലീവെടുത്തിരുന്നു. മബേല സനായയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഐമന്‍ഷായുടെ അടുക്കലെത്തുകയും ഏപ്രില്‍ 22ന് അനസിനെ മസ്‌കറ്റ് വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം.
പിറ്റേന്ന് നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ഏപ്രില്‍ 23ന് അനസിന്റെ സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎൻഎ പരിശോധന വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.