ആറ്റിങ്ങൽ : നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്ന്മുക്ക് ജംഗ്ഷനിൽ പുതിയതായി നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനവും വർണ്ണ ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മവും ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
മൂന്നുമുക്ക് ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് കാടുപിടിച്ചു കിടന്ന 3 സെൻ്റ് സ്ഥലത്ത് സമൂഹ്യ വിരുദ്ധരുടെ ശല്ല്യമുണ്ടെന്ന് നഗരസഭാധികൃതർക്ക് പരാതി ലഭിച്ചിരുന്നു.
തുടർന്നാണ് മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ടിവിടെ മനോഹരമായ പാർക്ക് നിർമ്മിക്കാൻ അധികൃതർ തയ്യാറായത്.
ഹരിതകർമ്മസേന ശേഖരിച്ച 4500 ഓളം പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടാണ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ആനയുടെയും കാക്കയുടെയും രൂപങ്ങൾ നിർമ്മിച്ചത്.
അവനവൻചേരി ഹൈസ്കൂളിലെ സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ വീടുകളിൽ നിന്ന് ശേഖരിച്ച 700 കുപ്പികളിൽ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ഇക്കോ ബ്രിക്കുകളാക്കിയ ശേഷമാണ് പാർക്കിൻ്റെ ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കുപ്പികളും പഴയ ടയറും കൂടാതെ പ്രകൃതി സൗഹൃദപരമായ രീതിയിൽ മുളകളും പുൽതകിടിയും വെള്ളാരം കല്ലുകളും അലങ്കാര ചെടികളും പാർക്കിനെ അതി മനോഹരമാക്കിയിട്ടുണ്ട്.
ഒന്നര ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വിസ്മയ പാർക്കിൻ്റെ തുടർ പരിപാലനം നടത്തുന്നത് ഹരിതകർമ്മ സേന ആയിരിക്കും.
മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലെ റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന മുദ്രാവാക്യം നഗരങ്ങളിൽ എത്രകണ്ട് പ്രായോഗികമാണെന്ന ഒരു തൽസമയ ബോധവൽക്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടമെന്ന് എം. പ്രദീപ് അറിയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പാർക്കിൻ്റെ ശില്പി ടോണി ജോസഫിനെയും, എസ്.പി.സി വിഭാഗം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സാബു നീലകണ്ഠൻ, ഹരിതകർമ്മസേന കൺസോഷ്യം പ്രതിനിധികളായ സുഗന്ധി, ലത എന്നിവരെ നഗരസഭാധ്യക്ഷൻ ആദരിച്ചു.
വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അധ്യക്ഷയായി.
ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എം. താഹ സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയാസാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ നന്ദി പറഞ്ഞു.
നഗരസഭ കൗൺസിലർമാർ,
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
