ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു. (Trump Warns Israel Iran To Stop Shooting Then Makes A Ceasefire Claim)
ഉടനടി ‘വെടിവെപ്പ് നിര്‍ത്താന്‍’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്തിരിഞ്ഞത്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാല്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അമേരിക്കന്‍ മാധ്യമമായ ആക്സിയോസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി അമേരിക്കയെ അറിയിച്ചത് അവസാന നിമിഷമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഇസ്രായേല്‍ ലെബനനില്‍ തുടര്‍ന്നും ആക്രമണം നടത്തിയാല്‍, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ആക്രമണത്തിന് താത്ക്കാലികമായി അറുതി വന്നതോടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ നേരിയ ഇടിവുമുണ്ടായി. ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി.
അതേസമയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനുമേല്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായി ചര്‍ച്ച തുടരുകയാണെന്നും ഇറാന്‍ അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധമുണ്ടാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടന്‍ ഉറപ്പുനല്‍കുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ടെങ്കിലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍.