വർക്കലയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെ ചോദ്യം ചെയ്ത യുവതികളെ അസഭ്യം വിളിച്ച സംഭവത്തിൽ നടപടി. ഇടവ മൂടില്ലാവിള തൊടിയിൽ വീട്ടിൽ ദീപ പ്രകാശിന്റെ പരാതിയെ തുടർന്ന് ബന്ധപ്പെട്ട ബസ് വർക്കല സബ് ആർ.ടി.ഒ പിടിച്ചെടുത്തു.
തിങ്കളാഴ്ച്ച വൈകിട്ട് 4.15ഓടെ ഇടവ ഓടയം മുക്കിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതികളെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിച്ചുവെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.വർക്കല–പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദേവിക ബസിലെ ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തെ തുടർന്ന് യുവതികൾ അയിരൂർ പോലീസിലും വർക്കല സബ് ആർ.ടി.ഒയ്ക്കും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല സബ് ആർ.ടി.ഒ ബസ് പിടിച്ചെടുത്ത് തുടർനടപടികൾ ആരംഭിച്ചു. അതേസമയം, ബസ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മുൻപും നാട്ടുകാർക്കിടയിൽ പരാതികളും വിമർശനങ്ങളും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
