ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയ്ക്കെതിരെ അപ്രതീക്ഷിത സമനില വഴങ്ങി ഏറെ പഴികേട്ട പോർച്ചുഗൽ നിർണായക മത്സരത്തിൽ രാത്രി 10.30 ന് ഉസ്ബക്കിസ്താനെ നേരിടുന്നു.

ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയ്ക്കെതിരെ അപ്രതീക്ഷിത സമനില വഴങ്ങി ഏറെ പഴികേട്ട പോർച്ചുഗൽ നിർണായക മത്സരത്തിൽ ഇന്ന് ഉസ്ബക്കിസ്താനെ നേരിടുന്നു. ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും മിന്നും ഫോമിലുള്ള ടൂർണമെന്റിൽ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30 നാണ് കിക്കോഫ്.

കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്താൻ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ കൊളംബിയയോട് 3-1 ന് തോറ്റിരുന്നു. എങ്കിലും കന്നി ലോകകപ്പിൽ ഗോൾ നേടാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് അവർ റോബർട്ടോ മാർട്ടിനസ് പരിശീലിപ്പിക്കുന്ന പോർച്ചുഗലിനെ നേരിടുന്നത്. അതേസമയം, കൊളംബിയക്കെതിരായ അവസാന മത്സരത്തിനു മുമ്പുതന്നെ നോക്കൌട്ടുറപ്പിക്കുക എന്ന ലക്ഷ്യം ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനുമുണ്ട്. അതിനാൽ തന്നെ, മികച്ച സ്കോറിൽ ജയിക്കാനാവും പറങ്കികൾ ശ്രമിക്കുക. 

കോംഗോയ്ക്കെതിരായ മത്സരം പോർച്ചുഗലിന്റെ കേളീമികവിനെക്കുറിച്ചും 41-കാരനായ ക്രിസ്റ്റ്യാനോയുടെ ഫോമിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തിയിരുന്നു. താരങ്ങൾ നിറഞ്ഞ പോർച്ചുഗൽ ടീമിൽ പരസ്പരം ഒത്തിണക്കമില്ല എന്നാണ് ഉയർന്ന പ്രധാന ആരോപണം. എന്നാൽ, ഇവയെല്ലാം തള്ളിക്കളഞ്ഞ മാനേജർ റോബർട്ടോ മാർട്ടിനസ്, ക്രിസ്റ്റ്യാനോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

റൊണാൾഡോയും പോർച്ചുഗലും താളം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, അദ്ദേഹത്തിന്റെ സമകാലികരായ രണ്ട് സൂപ്പർ താരങ്ങൾ 2026 ലോകകപ്പിൽ മിന്നും തുടക്കവുമായി വാർത്തകളിൽ നിറയുകയാണ്: ഇരട്ട ഗോളുകളും ഹാട്രിക്കുകളുമായി മെസ്സി തകർപ്പൻ ഫോമിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ അദ്ദേഹം അർജന്റീനയെ മുന്നോട്ട് നയിക്കുന്നു. മികച്ച പ്രകടനങ്ങളിലൂടെ ഫ്രാൻസിനെ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നോട്ട് നയിക്കുന്ന എംബാപ്പെയും മികച്ച ഫോമിലാണ്. 

ലോകകപ്പിലെ ആദ്യ പോയിന്റ് ലക്ഷ്യമിടുന്ന ഉസ്ബക്കിസ്താൻ അഞ്ച് പ്രതിരോധ നിരക്കാരെ അണിനിരത്തി പോർച്ചുഗലിനെ തടയാനാകും ശ്രമിക്കുക. മത്സരത്തിൽ പോർച്ചുഗലിനാണ് വ്യക്തമായ മുൻതൂക്കം. എങ്കിലും, എതിർ പാളയത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന അസ്വാരസ്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ആയിരിക്കും ഉസ്ബക്കിസ്താൻ ശ്രമിക്കുക.