പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ സർക്കാർ വകയിരുത്തുമെന്ന് അറിയിച്ചു.
2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-നാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. പേരറിജ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തമിഴ് സംസ്കാരത്തിലെ ‘തായ് മാമൻ സീർ’ എന്ന പാരമ്പര്യ ചടങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണയായി നവജാത ശിശുവിന് അമ്മാവൻ സമ്മാനങ്ങൾ നൽകുന്ന ആചാരത്തെ അടിസ്ഥാനമാക്കി, ഇവിടെ സർക്കാർ തന്നെ ‘അമ്മാവന്റെ’ പദവി ഏറ്റെടുത്ത് ഓരോ കുഞ്ഞിനും സ്വർണ്ണമോതിരം സമ്മാനിക്കുമെന്നാണ് സർക്കാർ വിശദീകരണം.
പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനായി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ഈ പദ്ധതി ‘വെട്രി തമിഴകം വിഷൻ ഡോക്യുമെന്റിലും’ ഉൾപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ ജന്മദിനങ്ങളിൽ പാർട്ടി പ്രവർത്തകർ കുട്ടികൾക്ക് സ്വർണ്ണമോതിരം വിതരണം ചെയ്യുന്ന പതിവ് തമിഴ്‌നാട്ടിലുണ്ടായിരുന്നെങ്കിലും, സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്ഷേമപദ്ധതിയായി കോടിക്കണക്കിന് രൂപ വകയിരുത്തി നടപ്പാക്കുന്നത് ആദ്യമായാണ്. സർക്കാർ ആശുപത്രികളിൽ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനും നവജാത ശിശുക്കളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള സുപ്രധാന നീക്കമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.
