കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

​കിളിമാനൂർ: പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
​ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സ്വവസതിയിൽ എത്തിക്കും. ബിനോയിയുടെ വിയോഗത്തെത്തുടർന്ന് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ബിജു - സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
​ആത്മഹത്യ ഒന്നിനും പരിഹാരമല്ല:
നിങ്ങൾക്ക് മാനസിക സമ്മർദ്ദമോ വിഷമങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടാൻ മടിക്കരുത്. താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
​ദിശ (DISHA): 1056
​മൈത്രി (Maithri): 0484 2540530
​സംസ്ഥാന സർക്കാരിന്റെ കൗൺസിലിംഗ് ഹെൽപ്പ് ലൈൻ: 14416