ഇടുക്കി..ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി കരിമ്പൻ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. വീട്ടിലെ അടുക്കളയിൽ പഴയ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറിലെ വാഷറിലുണ്ടായ തകരാറിനെ തുടർന്ന് ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുറത്തേക്ക് വന്ന ഗ്യാസ് അടുപ്പിൽ കെടാതെ കിടന്നിരുന്ന കനലിൽ നിന്ന് ആളിക്കത്തുകയായിരുന്നു.
അപകടത്തിൽ ജസ്റ്റിനും മാതാവ് ജോളി ജോസിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജസ്റ്റിന്റെ ശ്വാസനാളിലേക്കും തീയും പുകയും വ്യാപിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. മാതാവ് ജോളി ജോസ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ ജസ്റ്റിൻ ജോസിന്റെ മൃതദേഹം കരിമ്പനിലെ വീട്ടിലെത്തിക്കും.
