ആരും ഗോളടിച്ചില്ല! പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾരഹിത സമനിലയിൽ

ആരും ഗോളടിച്ചില്ല! പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾരഹിത സമനിലയിൽ. പോർച്ചുഗൽ നോക്കൗട്ടിൽ ക്രൊയേഷ്യയെ നേരിടും. കൊളംബിയയ്ക്ക് ഘാന എതിരാളികൾ 



ഗ്രൂപ്പ് കെ യിലെ പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമിനും ഗോൾ നേടാനായില്ല. മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്.

പോർച്ചുഗൽ പിന്നീട് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു. ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർചുഗലിനെ രക്ഷിച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി(റൗണ്ട് ഓഫ് 32). സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു (0-0). ഈ സമനിലയോടെ ഗ്രൂപ്പിൽ 7 പോയിന്‍റോടെ കൊളംബിയ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, 5 പോയിന്‍രോടെ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി. മറ്റൊരു മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് ഡിആര്‍ കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നോക്കൗട്ടില്‍ ക്രൊയേഷ്യയാണ് പോര്‍ച്ചുഗലിന്‍രെ എതിരാളികള്‍. കൊളംബിയക്ക് ഘാനയാണ് എതിരാളികള്‍. ഡി ആര്‍ കോംഗോവിന് ഇംഗ്ലണ്ടാണ് എതിരാളികള്‍.
ആക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതി; മിന്നിത്തിളങ്ങി ഗോൾകീപ്പർമാർ
മത്സരത്തിന്‍റെ തുടക്കം മുതൽ ദക്ഷിണ അമേരിക്കൻ കരുത്തരായ കൊളംബിയയാണ് കൂടുതൽ ആക്രമണ ശൈലി പുറത്തെടുത്തത്. ലൂയിസ് ഡയസും ഹൊൺ കോർഡോബയും ചേർന്ന് പോർച്ചുഗൽ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളും റൂബൻ ഡയസ് നയിച്ച പ്രതിരോധ കോട്ടയും കൊളംബിയയുടെ ഗോൾശ്രമങ്ങളെല്ലാം അനായാസം പരാജയപ്പെടുത്തി. മറുവശത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ചേർന്ന് പോർച്ചുഗലിനായി മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് കോട്ടപോലെ ഉറച്ചുനിന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ലീഡ് നേടാനായി ഇരു ടീമുകളുടെയും പരിശീലകർ തന്ത്രങ്ങൾ മാറ്റിപ്പയറ്റി. പോർച്ചുഗലിനായി റാഫേൽ ലിയാവോയും ജാവോ നെവസും പകരക്കാരായി ഇറങ്ങിയപ്പോൾ കൊളംബിയക്കായി ഇതിഹാസ താരം ജെയിംസ് റോഡ്രിഗസിന് പകരം ഹുവാൻ ക്വിന്‍റെറോ കളത്തിലെത്തി. രണ്ടാം പകുതിയിൽ കളി കൂടുതൽ കടുപ്പമേറിയതായതോടെ റെഫറിക്ക് നിരവധി തവണ മഞ്ഞക്കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു. മത്സരത്തിന്‍രെ അവസാന മിനിറ്റുകളിൽ ഇരുപക്ഷത്തുനിന്നും വിജയഗോളിനായി കടുത്ത ശ്രമങ്ങൾ നടന്നുവെങ്കിലും നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും വലകുലുക്കാൻ സാധിച്ചില്ല. കളി തീരാൻ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ കൊളംബിയ നേടിയ വിജയ ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. വാര്‍ പരിശോധനില്‍ കൊളംബിയൻ താരത്തിന്‍റെ ബൂട്ടിന്‍റെ അറ്റമാണ് വില്ലനായത്. ലക്ഷ്യത്തിലേക്ക് കൊളംബിയ 23 ഷോട്ടുകള്‍ പായിച്ചപ്പോള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് 13 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്.