കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗതയിലായിരുന്ന ടിപ്പര്‍ ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയാണ് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്.
എട്ടു പേരാണ് അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. മണ്ണുമാറ്റി പുറത്തെടുത്ത അഞ്ച് പേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പർ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. രാവിലെ 7 മണിയോടെയായിരുന്നു അപകടം.
കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കവെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. കുടവട്ടൂർ സ്വദേശി ഹരിലാൽ(53), കാർമൽ സ്‌കൂളിലെ വിദ്യാർത്ഥി പാർത്ഥിവ് (15), മുക്കോണിമുക്ക് സ്വദേശി അജയകുമാർ(45) എന്നിവരാണ് മരിച്ചത്.
കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13),ജിബി മോൾ (15), ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവർക്കാണ് പരിക്കേറ്റത്.
ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
