കൊച്ചിയില്‍ അതിക്രമം നടത്തിയാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇയാളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ പിടികൂടി ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരും എന്നാണ് കരുതുന്നത്. അമ്പതിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്കൂട്ടറില്‍ കറങ്ങിനടക്കുന്ന ഇയാളുടെ അതിക്രമം കൊച്ചി അയ്യപ്പൻകാവിലുണ്ടായത് ഒരുമാസം മുമ്പാണ്.
കൊല്ലത്ത് വിവിധ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് അജ്ഞാതന്റെ ലൈംഗിക അതിക്രമങ്ങളുണ്ടായത്. ഹെല്‍മറ്റും മാസ്കും ധരിച്ച് മുഖം മറച്ച് സ്കൂട്ടറില്‍ എത്തുന്ന അജ്ഞാതൻ പെണ്‍കുട്ടികളെ കടന്നുപിടിച്ചശേഷം കടന്നുകളയുകയാണ് പതിവ്. അധികം വീടുകളും നിരീക്ഷണ ക്യാമറകളും ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത്. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുവള്ളി- മലനട റോഡ്, കിഴക്കേ കല്ലട നിലമേല്‍ ഭാഗം, പടിഞ്ഞാറേ കല്ലട തോപ്പില്‍ കടവ് എന്നിവിടങ്ങളിലും ഇയാളുടെ ആക്രമണമുണ്ടായി. ഒറ്റയ്ക്കുവരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നാണ് കരുതുന്നത്.
കൊല്ലം ജില്ലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോക്സോ അടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിയിലേക്കെത്തുന്ന ഒരു സൂചനയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സ്കൂട്ടറിലെത്തുന്ന ആള്‍ എന്നുമാത്രമേ എല്ലാവർക്കും അറിയാവൂ. ജില്ലയിലെ മറ്റുചില സ്ഥലങ്ങളിലും ഇയാള്‍ എത്തിയെന്ന് വിവരമുണ്ട്. അവിടെയും അന്വേഷണം നടത്തിയെങ്കിലും ഒരുതുമ്പും ലഭിച്ചില്ല.
