തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദൈവങ്ങളുടെയും രാഷ്ട്രീയ ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ നടപടിയാണ് കോടതി റദ്ദാക്കിയത്. ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാര്‍ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വ്യത്യസ്ത ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. 

കേരള മുന്‍സിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ 'ദൈവനാമത്തിലോ' അല്ലെങ്കില്‍ 'സഗൗരവമോ' (ദൃഢപ്രതിജ്ഞ) മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഇത് ലംഘിച്ച് ഗുരുദേവ നാമത്തില്‍, ഭഗവത് നാമത്തില്‍ ശ്രീപത്മനാഭ സ്വാമിയുടെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍ ആറ്റുകാല്‍ അമ്മ, ഉദിയന്നൂര്‍ ദേവി, കാവിലമ്മ, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ്ഗ ഭഗവതി എന്നിവരുടെ നാമത്തില്‍, ശ്രീകണ്‌ഠേശ്വരന്‍ അമ്മയപ്പന്‍, അയ്യപ്പന്‍, കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താവ് എന്നിവരുടെ നാമത്തില്‍തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ഭാരതാംബയുടെയും ഭാരതമാതാവിന്റെയും നാമത്തില്‍ സ്വന്തം പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍ ഇത്തരത്തില്‍ നിശ്ചിത രൂപരേഖയ്ക്ക് പുറത്തുള്ള പേരുകള്‍ ഉപയോഗിക്കുന്നത് മുന്‍സിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിധി വന്ന സാഹചര്യത്തില്‍ ഈ 20 കൗണ്‍സിലര്‍മാര്‍ക്കും നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചൊല്ലേണ്ടി വരും.