തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താൻ എങ്ങനെയാണ് വർക്കലയിൽ എത്തിയതെന്ന് ഇവർക്ക് വ്യക്തതയില്ല. ഒരു ഓട്ടോയിൽ ആരോ തന്നെ ബസ് സ്റ്റാൻഡിൽ ഇറക്കി വിടുകയായിരുന്നു എന്നാണ് ഇവർ നൽകുന്ന വിവരം. വിവരങ്ങൾ തിരക്കിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹനുമായി ബന്ധപ്പെടുകയായിരുന്നു. ഇടവ വെറ്റക്കട കുഞ്ഞിക്കാമിഴിയത്ത് വീട്ടിലെ താമസക്കാരിയാണ് ഹബീറത്തു ബീവി. ഇവർക്ക് ഒരു മകനും മകളുമുണ്ട്. നേരത്തെ വിവിധ സ്ഥലങ്ങളിൽ അന്തിയുറങ്ങുകയും പിന്നീട് പഞ്ചായത്തിന്റെ സഹായത്തോടെ താമസിക്കുകയുമായിരുന്നു. കാലിലെ മുറിവിനെത്തുടർന്ന് നേരത്തെ പാലിയേറ്റീവ് കെയറിലും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സ നൽകിയിരുന്നു.
ജനറൽ ആശുപത്രിയിൽ നിന്ന് എങ്ങനെയാണ് ഇവർ വർക്കലയിൽ എത്തിയത് എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഇവരുടെ പക്കൽ 2600 രൂപയോളം ഉണ്ടായിരുന്നു. നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരെ ഏറ്റെടുക്കാൻ വർക്കലയിലെ ഒരു ചാരിറ്റി സംഘടന തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
