തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഇറാൻ ഫുട്ബോൾ ടീമിന് മുന്നിൽ മറുപടിയില്ലാതെ തളർന്ന് ബെൽജിയം പട.ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഗ്രൂപ്പ് പോരാട്ടത്തിൽ ബെൽജിയവും ഇറാനും സമനിലയിൽ പിരിഞ്ഞു. കളിയുടെ അവസാന ഇരുപതു മിനുട്ടുകളോളം വെറും പത്ത് പേരുമായി കളിച്ച ബെൽജിയത്തെ പല തവണ ഇറാൻ ഭയപ്പെടുത്തിയെങ്കിലും വെറ്ററൻ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെ മികവാണ് ബെൽജിയത്തിന്റെ മാനം കാത്തത്. മറുവശത്ത് ഇറാന് വേണ്ടി തിളങ്ങിയത് ഗോൾ കീപ്പറും കളിയിലെ താരവുമായ അലിറേസ ബെയ്‌റൻവാണ്ട് തന്നെയായിരുന്നു. കളിയുടെ ഏറെ സമയവും ആക്രമിച്ച് കളിച്ച ബെൽജിയം സൃഷ്‌ടിച്ച അവസരങ്ങൾ ഒന്നിന് പുറകെ ഒന്നായി തടഞ്ഞത് ഇറാന്റെ ഗോൾ കീപ്പർ ആയിരുന്നു.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു തുടങ്ങിയത് ബെൽജിയം ആയിരുന്നു. സൂപ്പർതാരം ലുകാകുവിന് മഞ്ഞ കാർഡ് ലഭിച്ചിട്ടും അക്രമം സ്വഭാവത്തിൽ ബെൽജിയം മാറ്റം വരുത്തിയില്ല. മറുവശത്ത് പ്രത്യാക്രമണങ്ങൾ അഴിച്ചുവിട്ട ഇറാൻ 27 ആം മിനുട്ടിൽ ഗോൾ വല കുലുക്കിയെങ്കിലും ഗോളടിച്ച തറേമി ഓഫ് സൈഡ് ആണെന്ന് വിഎആർ റിവ്യൂവിൽ വ്യക്തമായതോടെ bഎൽജിയം രക്ഷപ്പെട്ടു. കളിയുടെ 67ആം മിനുട്ടിൽ പന്ത് നിയന്ത്രിക്കാൻ പരാജയപ്പെട്ട ബെൽജിയം പ്രതിരോധതാരം എൻഗോയ് പന്തുമായി മുന്നേറിയ തറേമിയെ ചവുട്ടി വീഴ്ത്തി ചുവപ്പ് കാർഡ് ഏറ്റുവാങ്ങി.എന്നാൽ തുടർന്ന് ഇറാൻ നടത്തിയ നിരന്തരമായ ഗോൾ ശ്രമങ്ങളെ സമചിത്തത കൈവിടാതെ കോർട്ടോയിസും കൂട്ടരും പ്രതിരോധിച്ചു.