ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി

ന്യൂഡല്‍ഹി: രാജ്യത്തും വിദേശത്തുമായി മെറ്റായുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പണിമുടക്കി. ആപ്ലിക്കേഷനുകള്‍ ശരിയായി ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഹോം ഫീഡുകള്‍ പുതുക്കാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പ്ലാറ്റ്ഫോമുകളില്‍ പ്രശ്‌നങ്ങള്‍ ദൃശ്യമായത്. പല ഉപയോക്താക്കളെയും അക്കൗണ്ടുകളില്‍ നിന്ന് സ്വയം ‘ലോഗ് ഔട്ട്’ ആക്കുന്നതായും, വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Error Messagse കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡൗണ്‍ഡിറ്റക്ടര്‍’ എന്ന പോര്‍ട്ടലില്‍ തകരാര്‍ സംബന്ധിച്ച പരാതികളുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഫേസ്ബുക്കുമായി ബന്ധപ്പെട്ട് മാത്രം ഒരു ലക്ഷത്തിലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്‌സാപ്പ് വെബ്, മെസഞ്ചര്‍ സേവനങ്ങളെയും ഇത് ഭാഗികമായി ബാധിച്ചതായി സൂചനയുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയ ലോകത്തെയാകെ നിശ്ചലമാക്കിയ ഈ വന്‍ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ മെറ്റാ ഔദ്യോഗികമായി ഇതുവരെ തയ്യാറായിട്ടില്ല.