ഈ കള്ളന് വഞ്ചികളോടാണ് താല്പര്യം...വഞ്ചികൾക്ക് പേടിസ്വപ്നം ‘വഞ്ചിക്കുത്തി’ അജീഷ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഈ കള്ളന് വഞ്ചികളോടാണ് താല്പര്യം...വഞ്ചികൾക്ക് പേടിസ്വപ്നം ‘വഞ്ചിക്കുത്തി’ അജീഷ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ 

പൂയപ്പള്ളി: അമ്പലങ്ങളിലെയും മറ്റ് ആരാധനാലയങ്ങളിലെയും വഞ്ചികൾ കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവർന്നിരുന്ന സ്ഥിരം മോഷ്ടാവ് ഒടുവിൽ പോലീസിന്റെ വലയിലായി.

 ഇളമാട്, കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ അജീഷ് (30) നെയാണ് പൂയപ്പള്ളി പോലീസ് സാഹസിക നീക്കത്തിലൂടെ പിടികൂടിയത്.
മാസങ്ങളായി പ്രദേശത്തെ ആരാധനാലയങ്ങളിൽ തുടർച്ചയായി നടന്നുവരുന്ന വഞ്ചി മോഷണങ്ങളുടെ പിന്നിലെ മുഖമാണ് അജീഷെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ് ചെങ്കൂർ, അമ്പലം കുന്ന് വലിയവിള ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്

ആരാധനാലയങ്ങൾ മാത്രമല്ല, അമ്പലംകുന്ന് മേഖലയിലെ നിരവധി കടകൾ കുത്തിത്തുറക്കാൻ നടത്തിയ ശ്രമങ്ങൾക്കും പിന്നിൽ അജീഷിന്റെ സാന്നിധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിയുടെ മറവിൽ സഞ്ചരിച്ച് ആളൊഴിഞ്ഞ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി.
 "വഞ്ചി കണ്ടാൽ കുത്തിപ്പൊളിക്കാതെ വിടില്ല" എന്ന നിലയിലായിരുന്നു അജീഷിന്റെ പ്രവർത്തനം

 കാണിക്കപ്പണം മാത്രമായിരുന്നു പ്രധാന ലക്ഷ്യം. വഞ്ചികൾ കണ്ടെത്തി അതിവേഗം പൊളിച്ച് പണം കൈക്കലാക്കി രക്ഷപ്പെടുന്നതിൽ ഇയാൾ വിദഗ്ധനായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ അജീഷ് മുമ്പും പലതവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. തേവന്നൂർ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന കേസിലും ഇയാൾ പ്രതിയാണ്. ജയിൽ മോചിതനായ ശേഷവും കുറ്റകൃത്യങ്ങളിൽ നിന്ന് ഇയാൾ പിന്മാറിയിരുന്നില്ലെന്ന് പോലീസ് പറയുന്നു.
അടുത്തിടെ നടന്ന വഞ്ചി മോഷണക്കേസിനെ തുടർന്ന് പൂയപ്പള്ളി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണവും രഹസ്യ അന്വേഷണവും ആരംഭിച്ചു. രാത്രികാലങ്ങളിൽ വീട്ടിൽ താമസിക്കാതെ പ്രദേശങ്ങളിലൂടെ അലഞ്ഞുതിരിയുന്ന ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു

ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അതിരാവിലെ നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ തന്ത്രപരമായ നീക്കത്തിന് മുന്നിൽ ഇയാൾക്ക് വഴങ്ങേണ്ടിവന്നു.
സി.ഐ ഷാജിമോന്റെ നേതൃത്വത്തിലും നിർദ്ദേശപ്രകാരവും എസ്.ഐമാരായ രജനീഷ് മാധവൻ, ബാലാജി എസ്. കുറുപ്പ്, ബിനു ജോർജ്, രാജേഷ്, കൃഷ്ണകുമാർ, മധുസൂദനൻ, സി.പി.ഒമാരായ റിജു, അൻവർ, അജി രാജൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്

അറസ്റ്റിലായ അജീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.