രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും സ്കൂളുകൾ ഉണരുകയാണ്..; കലപില ബഹളം, മഴക്കാലം..പറയാൻ നൂറായിരം കഥകൾ.. കുട്ടിക്കൂട്ടം പള്ളിക്കൂടത്തിലേക്ക്..'

രണ്ടുമാസത്തെ വേനൽ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും വിദ്യാർത്ഥികളാൽ സജീവമാകും. പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികളാണ് പ്രവേശനം നേടുന്നത്.

കുട്ടികളെ വരവേൽക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിവിധ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണം വളർത്തുന്നതിനായി വേദികളിൽ സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലും.

പട്ടം സ്കൂളിലെ പ്രവേശനോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞ ദിവസം അറിയിച്ചു. പുതിയ അധ്യയന വർഷത്തെ ആവേശത്തോടെയും ആഘോഷത്തോടെയും വരവേൽക്കാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.