തിരുവനന്തപുരം.കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം.കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെയാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത്. എസി ഇട്ട് ഉറങ്ങിയപ്പോള്‍ വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് വൈകീട്ടാണ് സംഭവം. വാഹനം കണ്ടെത്തിയ ഗ്രൗണ്ട് കുട്ടികള്‍ സ്ഥിരമായി കളിക്കാന്‍ വരുന്ന സ്ഥലമാണ്.കളിക്കാന്‍ എത്തിയ കുട്ടികളാണ് വാഹനത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ കുട്ടികള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാജീവ് ഇവിടെ ഉണ്ടായിരുന്നതായും തങ്ങളുമായി സംസാരിച്ചതായും കുട്ടികള്‍ പറയുന്നു. ഇന്നലെ കളി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് കളിക്കാന്‍ തിരിച്ചെത്തിയപ്പോള്‍ ഇന്നലെ കണ്ട വാഹനം അതേപോലെ കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

എസി ഇട്ട് ഉറങ്ങിയപ്പോള്‍ സാങ്കേതിക തകരാര്‍ മൂലം വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.