ആറ്റുകാലില്‍ 27കാരിയുടെ മരണം; യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ 27കാരി ആരതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അതുലിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയുടെ മരണത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്തത്. ആരതി നിരന്തരം ശാരീരിക ഉപദ്രവം നേരിട്ടിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

ആരതിയുടെ ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്കാണ്. ആരതിയുടെ മുഖത്തും അടിയേറ്റ പാടുകളുണ്ട്.

ആരതി ആത്മഹത്യ ചെയ്‌തെന്ന് മനസിലാക്കിയ അതുല്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതില്‍ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് കുടുംബവും പ്രദേശവാസികളും പറയുന്നത്. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീടും പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.