ഫിഫ ലോകകപ്പ് 2026: ഉറുഗ്വേയെ സമനിലയിൽ തളച്ച് കേപ് വെർദേ

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ പിടിച്ചുകെട്ടി കേപ് വെർദേ. ആഫ്രിക്കൻ ഭൂഖണ്ഡത്തിനോട് ചേർന്ന് കിടക്കുന്ന കുഞ്ഞു ദ്വീപ് രാഷ്ട്രമായ കേപ് വെർദേ 2-2 എന്ന സ്കോറിനാണ് ഉറുഗ്വേയോട് സമനില വഴങ്ങിയത്.ആദ്യ മത്സരത്തിൽ സ്പെയിനിനെ പിടിച്ചുകെട്ടിയ കേപ് വെർദേ, ഫ്ലോറിഡയിലെ മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കളിയുടെ 21 ആം മിനുട്ടിൽ കെവിൻ പിന തൊടുത്ത ഫ്രീ കിക്കിലൂടെ ആദ്യ ഗോൾ നേടി ഉറുഗ്വേയെ ഞെട്ടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കേപ് വെർദേയുടെ പരിചയസമ്പത്തിലെ കുറവ് മുതലാക്കി ഉറുഗ്വേ രണ്ട് ഗോലുകൾ നേടി ലീഡ് ഉറപ്പിച്ചു. 44ആം മിനുറ്റിൽ പെനാൽറ്റി ബോക്സിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ കേപ് വെർദേ പ്രതിരോധം കാട്ടിയ പിഴവ് മുതലാക്കി മാക്സി അറൗജോ ആദ്യ ഗോൾ നേടിയപ്പോൾ അധികസമയത്ത് മാക്സി അറൗജോയുടെ ക്രോസ് അഗസ്റ്റിൻ കനോബി വലയിലെത്തിച്ചു.
ആദ്യ പകുതിയിൽ അപ്രതീക്ഷിതമായി പിന്നിലായതോടെ കേപ് വെർദേ തളരുമെന്നു കരുതിയവരെ ഞെട്ടിച്ചു കൊണ്ടാണ് അവർ രണ്ടാം പകുതിയിൽ കളത്തിലെത്തിയത്. തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ട അവർ 61ആം മിനുട്ടിൽ സമനില ഗോൾ അടിച്ചു. പകരക്കാരനായെത്തിയ ഹീലിയോ വരേല ഉറുഗ്വേ പ്രതിരോധനിരയും ഗോളിയും തമ്മിലുള്ള ഒത്തിണക്കമില്ലായ്മ മുതലെടുത്ത് ഗോൾ നേടി. പിന്നീടുള്ള അര മണിക്കൂർ ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും കൂടുതൽ ഗവൽ നേടാനായില്ല.