നിർണ്ണായകമായ മത്സരത്തിൽ 4-2-3-1 ഫോമേഷനിലാണ് ക്രൊയേഷ്യ ഇറങ്ങിയത്. അതേസമയം പനാമ 3-4-3 എന്ന വിന്യാസത്തോടെയാണ് കളി ആരംഭിച്ചത്. തുടക്കം മുതൽ ഗോൾ നേടാനായി ആക്രമിച്ചു കളിച്ച ക്രൊയേഷ്യക്ക് പക്ഷെ പ്രതിരോധാത്മകമായി കളിച്ച പനാമയുടെ മുന്നിൽ നന്നായി വിയർക്കേണ്ടി വന്നു. ലൂക്ക മോഡ്രിച്ചും പെരിസിക്കും മൂസയും നടത്തിയ ശ്രമങ്ങൾ പനാമയുടെ പ്രതിരോധനിരയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ക്രൊയേഷ്യ സമ്മർദ്ധത്തിലായി.
എന്നാൽ രണ്ടാം പകുതിയിൽ അവർ നടത്തിയ ആക്രമണങ്ങൾ ഒടുവിൽ കളിയുടെ 54ആം മിനുട്ടിൽ ഫലം കണ്ടു. വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ പസാലിക് നൽകിയ പാസ്സ് സ്വീകരിച്ച സ്റ്റാനിസിക് പന്ത് കൃത്യമായി ഗോൾ മുഖത്തേക്ക് പായിച്ചു. അവിടെ കാത്തുനിന്ന പകരക്കാരനായെത്തിയ ബുഡിമിർ പന്ത് കൃത്യമായി ഗോൾ വലയിലെത്തിച്ചു. ഒരു ഗോൾ ലീഡ് നേടിയതിനു പിന്നാലെ ആക്രമിച്ചു കളിക്കുന്നത് തുടർന്ന ക്രൊയേഷ്യ 68ആം മിനുട്ടിൽ ലീഡ് ഇരട്ടിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസരം പസിലിക്ക് പാഴാക്കി.
