കീം 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ., ഒന്നാം റാങ്ക് റോഷൻ രാജു

കീം 2026 പരീക്ഷാഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടം നേടി. ഫാർമസി റാങ്ക് പട്ടികയിൽ 26,943 വിദ്യാർഥികളും ഉൾപ്പെട്ടു.

അങ്കമാലി സ്വദേശി റോഷൻ രാജുവാണ് എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും തൃശൂർ സ്വദേശി വിസ്മയ കെ.ആർ മൂന്നാം റാങ്കും നേടി.

ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി വിനായക് നാരായണൻ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി ദിയ ഫാത്തിമയ്ക്കാണ് മൂന്നാം റാങ്ക്.

വളരെ മികച്ച മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടത്താനായതെന്നും പരാതികളില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു. സംസ്ഥാനത്ത് 192 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു.

എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ആകെ 96,750 പേരാണ് ഹാജരായത്. ഇതിൽ 79,717 പേർ യോഗ്യത നേടി. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്കുകാരൻ ധ്യാൻ തേജിനെയും മന്ത്രി ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു.

സിബിഎസ്ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനാൽ ചില വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാൻ കഴിയാതിരുന്നതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം രണ്ട് തവണ നീട്ടി നൽകിയതായും അദ്ദേഹം പറഞ്ഞു.

അലോട്മെന്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.