യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കും എന്ന അഭ്യൂഹങ്ങൾക്കിടയിൽ പതിനഞ്ചുകാരനെ ടീമിൽ ഉൾപ്പെടുത്താതെയാണ് പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ ഇറങ്ങിയത്. അയ്യരുടെ തീരുമാനത്തെ ന്യായീകരിക്കുന്ന തുടക്കമാണ് ബൗളർമാർ ഇന്ത്യയ്ക്ക് നൽകിയത്. പവർ പ്ലേയിൽ മൂന്നു വിക്കറ്റുകളാണ് അയർലൻഡിന് നഷ്ടമായത്. എന്നാൽ നായകൻ ലൊർകൻ ടക്കറിന്റെ അർദ്ധസെഞ്ചുറിയും ഗാരെത്ത് ഡെലാനിയുടെ 49 റൺസും ആതിഥേയരെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ത്യയ്ക്കായി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അർശ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സഞ്ജു സാംസണിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും 20 പന്തിൽ 49 റൺസെടുത്ത അഭിഷേക് ശർമ്മ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. എന്നാൽ മറുവശത്ത് ബാറ്റർമാർ എല്ലാം ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. വാലറ്റത്ത് 14 പന്തിൽ 25 റൺസെടുത്ത ശിവം ദുബെ പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായില്ല. അയർലൻഡിനായി മാത്യു ഹംഫ്രീസും ഹൊള്ളാർഡും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജയ് മൂന്ദ്ര രണ്ടു വിക്കറ്റുകൾ നേടി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടി 20 മത്സരം നാളെ ബെൽഫാസ്റ്റിൽ വച്ച് നടക്കും.
