തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ 4ന് എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂൺ 2 മുതൽ 8 വരെ തിയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 2 മുതൽ 6 വരെ തിയതികളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
